കേന്ദ്ര സർക്കാർ അനുമതി നൽകി; ഇന്ത്യൻ ഫുട്ബോൾ ടീം ഇനി ഏഷ്യൻ ഗെയിംസിൽ കളിക്കും

ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യ മത്സരിക്കും. പുരുഷ-വനിതാ ടീമുകൾ ചൈനയിലേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ട്വിറ്ററിലൂടെ അറിയിച്ചു. നിലവിലെ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ കായിക മന്ത്രാലയവും കേന്ദ്ര സർക്കാരും തീരുമാനിച്ചതായും അനുരാഗ് താക്കൂർ പ്രതികരിച്ചു. ഇന്ത്യൻ ടീമിന്റെ സമീപകാല പ്രകടനങ്ങളും പരിഗണിച്ചാണ് കേന്ദ്ര തീരുമാനം.

ഇന്ത്യയിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിലും സാഫ് കപ്പിലും ഇന്ത്യ ജേതാക്കളായി. വർഷങ്ങൾക്ക് ശേഷം ഫിഫ റാങ്കിങ്ങിൽ ആദ്യ 100ൽ ഇടം നേടാനും ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന് കഴിഞ്ഞു. നിലവിൽ 99-ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിക്കാൻ ഫുട്ബോൾ ടീമിന് കഴിയുമെന്ന് കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഏഷ്യൻ റാങ്കിങ്ങിൽ ഇപ്പൊ മുന്നിലുള്ള ഇനങ്ങളിൽ മാത്രം മത്സരിച്ചാൽ മതിയെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ഇതനുസരിച്ച് ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു ഇന്ത്യൻ പുരുഷ-വനിതാ ഫുട്ബോൾ ടീമുകൾ ആദ്യം തീരുമാനിച്ചത്. ഇന്ത്യൻ ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാച്ച് കേന്ദ്രസർക്കാരിനോട് ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തിരുന്നു.