ലങ്കാ ദഹനം പൂർത്തിയാകാൻ ഏഷ്യാകപ്പ് കലാശപ്പോരിൽ ഇന്ത്യ; ഇന്ത്യ-ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനൽ
ഏഷ്യാകപ്പിലെ നഷ്ടപ്പെട്ട കിരീടം തിരിച്ച് പിടിക്കാൻ ഇന്ത്യ ഇന്ന് കലാശപ്പോരിന് ഇറങ്ങുന്നു. ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. വൈകിട്ട് 3മണിക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. മുമ്പ് ഏട്ട് തവണയാണ് ഇരുടീമുകളും മുഖാമുഖം ഏഷ്യാകപ്പിൽ ഏറ്റുമുട്ടിയത്. എന്നാൽ 5 തവണയും വിജയം ഇന്ത്യയ്‌ക്ക് ഒപ്പമായിരുന്നു.
2018ലാണ് ഇന്ത്യ അവസാനമായി ഏഷ്യാകപ്പിൽ മുത്തമിട്ടത്. സൂപ്പർഫോറിൽ പാകിസ്താനെയും ശ്രീലങ്കയെയും തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ ബംഗ്ലാദേശിനെയും പാകിസ്താനെയും പരാജയപ്പെടുത്തിയാണ് ലങ്ക ഫൈനലിലേക്ക് എത്തിയത്. പരിക്ക് മൂലം ഇന്ത്യയുടെ അക്‌സർ പട്ടേലിനും ലങ്കയുടെ മഹീഷ് തീക്ഷണയ്‌ക്കും ഫൈനൽ നഷ്ടമാകും. അക്‌സറിന് പകരം ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യൻ സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.
മികച്ച പ്രകടനം പുറത്തെടുക്കുന്ന ഓപ്പണർമാരായ രോഹിത് ശർമ്മയിലും ശുഭ്മാൻ ഗില്ലിലും ഇന്ത്യൻ സംഘത്തിന് പ്രതീക്ഷകളേറെയാണ്. 275 റൺസ് ഗില്ലും 194 റൺസ് രോഹിതും ടൂർണമെന്റിൽ നേടിയിട്ടുണ്ട്. പാകിസ്താനെതിരെ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്ലിയും കെഎൽ രാഹുലും ഫോമിലാണ്. കുൽദീപ് യാദവിന്റെ ഫോമും ഇന്ത്യയ്‌ക്ക് നിർണായകമാണ്. ലങ്കയുടെ ബൗളിംഗ് നിര ഇന്ത്യയ്‌ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇടം കൈയൻ സ്പിന്നർ ദുനിത് വെല്ലലാഗെയാണ് ഇന്ത്യക്കെതിരെയുളള ലങ്കയുടെ തുറുപ്പ് ചീട്ട്.
ഏഷ്യാകപ്പ് പുതിയ സീസണിൽ ആദ്യം മുതൽ വെല്ലുവിളി ഉയർത്തിയ മഴ ഫൈനലിലും കുഴപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് കൊളംബോയിൽ കനത്ത മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ കളിമുടക്കിയാൽ റിസർവ് ദിനമായ തിങ്കളാഴ്ച മത്സരം നടത്തും. അന്നും മഴമൂലം കളിതടസപ്പെട്ടാൽ ഇരു ടീമുകളെയും ചാമ്പ്യന്മാരായി പ്രഖ്യാപിക്കും.